വീണ്ടും ഒരു കാലവര്‍ഷത്തിന് അരങ്ങൊരുങ്ങുന്നു. 31 ന് മുമ്പായി കാലാവര്‍ഷം എത്തുമെന്നാണു കാലാസ്‌ഥ നിരീക്ഷണ വിഭാഗത്തിന്റെ പ്രവചനം. ഇത്തവണ ശക്‌തമായ കാലവര്‍ഷമായിരിക്കുമെന്നാണു മുന്നറിയിപ്പ്. കാലവര്‍ഷത്തിനൊപ്പം രോഗങ്ങളും പകരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ആരോഗ്യവകുപ്പും നല്‍കിയിട്ടുണ്ട്. ഇതിനിടെ കാലവര്‍ഷത്തെ നേരിടാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഒരുക്കങ്ങള്‍ ആരംഭിച്ചു. അടിയന്തിര സാഹചര്യത്തെ നേരിടാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുള്ളതായാണ് അധികൃതര്‍ പറയുന്നത്.
പനിയെ പേടിച്ച് ജനങ്ങള്‍
കാലവര്‍ഷം എന്നു കേള്‍ക്കുമ്പോള്‍ ജനങ്ങളുടെ മനസില്‍ ആദ്യം ഓടിയെത്തുന്നതു പനി തന്നെ. മുന്‍ വര്‍ഷങ്ങളില്‍ ജില്ലയില്‍ മഴയ്‌ക്കൊപ്പമെത്തിയ പനി വ്യാപകനാശം വിതച്ചിരുന്നു. നിരവധി മരണങ്ങളും സംഭവിച്ചു. സാധാരണ പകര്‍ച്ചപ്പനിക്കു പുറമേ, ഡെങ്കു, ചിക്കുന്‍ ഗുനിയ ഉള്‍പ്പെടെയുള്ള രോഗങ്ങളാണു കഴിഞ്ഞ മഴക്കാലങ്ങളില്‍ പകര്‍ന്നത്. ഇത്തവണയും ജില്ലയില്‍ മഴയ്‌ക്കുമുമ്പേ പനിയും അനുബന്ധ രോഗങ്ങളും പടര്‍ന്നു തുടങ്ങിയിട്ടുണ്ട്. എന്നാല്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്‌തമാണെന്നും ഭയക്കേണ്ട രീതിയിലുള്ള കാര്യങ്ങള്‍ ഒന്നും ഇല്ലെന്നുമാണ് ആരോഗ്യവകുപ്പു പറയുന്നത്.
ജലജന്യ രോഗങ്ങള്‍ വേറെയും
പനിക്കു പുറമേ മറ്റു ജലജന്യരോഗങ്ങളും കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. ഛര്‍ദി, അതിസാരം പോലുള്ള രോഗങ്ങളാണു പടിഞ്ഞാറന്‍ മേഖലയിലെ ജനങ്ങള്‍ക്കു ദുരിതം സൃഷ്‌ടിക്കുന്നത്. ഇത്തരം രോഗങ്ങള്‍ക്കെതിരേ പ്രതിരോധ നടപടികള്‍ ഒന്നും ഇല്ലെന്നു ജനങ്ങള്‍ പറയുന്നു. കുടിവെള്ളത്തില്‍ മാലിന്യം കലരുന്നതാണ് ഇത്തരം രോഗങ്ങള്‍ പകരാന്‍ കാരണം.
വെള്ളപ്പൊക്കവും വെള്ളക്കെട്ടും
പടിഞ്ഞാറന്‍ മേഖലയിലെ ജനങ്ങള്‍ക്കു കാലര്‍ഷം എന്നു കേള്‍ക്കുമ്പോഴേ ഭീതിയാണ്. മഴയേത്തുടര്‍ന്നുള്ള വെള്ളപ്പൊക്കവും തുടര്‍ന്നു രൂപപ്പെടുന്ന വെള്ളക്കെട്ടുമാണു ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. ജില്ലയില്‍ കോട്ടയം നഗരസഭ, തിരുവാര്‍പ്പ്, കുമരകം, ആര്‍പ്പൂക്കര, നീണ്ടൂര്‍, അതിരമ്പുഴ പഞ്ചായത്തുകളിലാണു വെള്ളപ്പൊക്കം നാശം വിതയ്‌ക്കുന്നത്. തുടര്‍ന്നു രൂപംകൊള്ളുന്ന വെള്ളക്കെട്ടുകളില്‍ കൊതുകുകള്‍ പെറ്റുപെരുകുന്നതു രോഗങ്ങള്‍ പടരുന്നതിനും കാരണമാകുന്നു.
ആരോഗ്യവകുപ്പ് രോഗാവസ്‌ഥയില്‍
കാലവര്‍ഷം വരുന്നു, രോഗങ്ങളാല്‍ പടരാന്‍ സാധ്യതയുണ്ട് തുടങ്ങിയ മുന്നറിയിപ്പുകള്‍ ഉണ്ടെങ്കിലും തങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ലെന്ന മട്ടിലാണ് ആരോഗ്യവകുപ്പിലെ ഒരു വിഭാഗം ജീവനക്കാര്‍. ജീവനക്കാരുടെ നിസഹകരണ സമരം പ്രതിരോധപ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു. ഒരു മാസമായി തുടരുന്ന നിസഹകരണ സമരം ഇപ്പോഴും തുടരുകയാണ്. ഇതുമൂലം പ്രാദേശിക തലത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച ലക്ഷകണക്കിനു രൂപ ഇതുമൂലം വെള്ളത്തിലാകുകയും ചെയ്‌തു.
കോട്ടയത്ത് ഓടകള്‍ വൃത്തിയാക്കും
കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിക്കും
കാലവര്‍ഷം എത്തും മുന്‍പെ കോട്ടയം ജില്ലയില്‍ ഓടകള്‍ സമയത്ത് വൃത്തിയാക്കാനും, സ്‌കൂള്‍ തുറപ്പിനു മുന്‍പുതന്നെ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിക്കാനും തീരുമാനിച്ചു. കഴിഞ്ഞ ദിവസം കലക്‌ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള നടപടി സ്വീകരിക്കും. കെടുതികളെ നേരിടാന്‍ ഫയര്‍ ഫോഴ്‌സ് സജ്‌ജമായിരിക്കും. ആര്‍.ഡി.ഒ മാരായിരിക്കും അതതു സ്‌ഥലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുക. കലക്‌ട്രേറ്റില്‍ നോഡല്‍ ഓഫീസറായി എ.ഡി.എം. പ്രവര്‍ത്തിക്കും. വെള്ളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍ എന്നിവ നേരിടാനുളള ഒരുക്കങ്ങള്‍ നേരിത്തെ തുടങ്ങണമെന്നു യോഗത്തില്‍ ജില്ലാകലക്‌ടര്‍ മിനി ആന്റണി നിര്‍ദേശം നല്‍കി. എല്ലാ പ്രധാന ഉദ്യോഗസ്‌ഥരും സ്‌ഥലത്തുണ്ടാകണം. ദുരന്തങ്ങളെ നേരിടാനുളള മാസ്‌റ്റര്‍ പ്ലാനുകള്‍ നേരത്തേ തയാറാക്കി സൂക്ഷിക്കണം. ഇതിനാവശ്യമായ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കണം. ഓഫീസര്‍മാര്‍ അവധി ദിവസങ്ങളിലും ഓഫീസില്‍ ഉണ്ടാകണം.
കാലവര്‍ഷക്കെടുതിയില്‍ വീട് പൂര്‍ണമായി നഷ്‌ടപ്പെടുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതിനുളള റിപ്പോര്‍ട്ട് തഹസില്‍ദാര്‍ നേരിട്ട് തയാറാക്കി നല്‍കണം. പി.എച്ച്.സികളിലും സി.എച്ച്.സികളിലും ആവശ്യമായ മരുന്നും ബ്‌ളീച്ചിംഗ് പൗഡറും അത്യാവശ്യസാധനങ്ങളും സ്‌റ്റോക്കുണ്ടാകണം. കാലവര്‍ഷത്തിനു മുന്നോടിയായി ശുചീകരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം. അതതു വാര്‍ഡുകളില്‍ ശുചിത്വസ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തിക്കണം. വീടുകളില്‍തന്നെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും കലക്‌ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Thanks mangalam com
No comments:
Post a Comment